1. വര്‍ഷങ്ങള്‍ക്കു മുമ്പ് ..മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കണ്ണില്‍ കണ്ടതിനെല്ലാം വില കൂട്ടും മുമ്പ്, കേരള സര്‍ക്കാര്‍ സരിതയുടെ സാരിത്തുമ്പില്‍ തൂങ്ങുന്നതിനും മുമ്പ്,വിലകൂടിയ ഗ്യാലക്സി മൊബൈലുകള്‍ വിപണിയില്‍ വരുന്നതിനും മുമ്പ്....

    അന്ന് എന്റെ വയര്‍ ഇത്ര പുറത്തേക്കു തള്ളിയിട്ടില്ല, മുടിയിത്ര മുകളിലേക്ക് കയറിയിട്ടുമില്ല.കണ്ണാടിയില്‍ നോക്കി ഞാന്‍ തന്നെ എന്നെ സുന്ദരാ എന്ന് വിളിച്ചിരുന്ന ആ കാലം.എനിക്കും നെഹ്രുവിനും ഒരേ മനസ്സായിരുന്നു.. അദ്ധേഹത്തിനിഷ്ട്ടം കുട്ടികളും പൂക്കളും ആയിരുന്നു.എനിക്കും അത് പോലെ തന്നെയായിരുന്നു..പക്ഷെ ഒരു ചെറിയ മാറ്റം.18 വയസ്സിനു മുകളില്‍ ഉള്ള പെണ്‍കുട്ടികളെ ആയിരുന്നു എനിക്കിഷ്ട്ടം.വാലന്റൈന്‍സ് ഡേക്ക് കൊടുക്കന്ന പൂക്കളും. സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി.ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചു അന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഒരു സീരിയലിന്റെ അസ്സിസ്ട്ടണ്ട് ഡയറക്ടര്‍ ആയി .കുറച്ചു നാള്‍ കൊണ്ട് തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി.ഞാന്‍ സ്വപ്നം കണ്ട സിനിമാ ലോകവും ,യഥാര്‍ത്ഥ സിനിമാ ലോകവും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന്.അതോടെ ആ പരിപാടി നിര്‍ത്തി എറണാകുളത്തെത്തി.അവിടെ ഒരു പരസ്യ കമ്പനിയില്‍ ജോലിക്ക് കയറി.

    വൈകുന്നേരം നാല് മണിയോട് കൂടെ എന്റെ ജോലി കഴിയും..പിന്നെ നേരെ സുഹൃത്തിന്റെ കടയിലേക്ക്. വാഴക്കാലക്കടുത്തുള്ള ഒരു ചെറിയ ഉള്പ്രദേശം ,,അവിടെ അവനു രണ്ടു കടകള്‍ ഉണ്ട്.സാമാന്യം തെറ്റില്ലാത്ത ഒരു ബേക്കറി ആന്‍ഡ്‌ കൂള്ബാര്‍..പ്പിന്നെ ഒറ്റ മുറിയില്‍ ഒരു പച്ചക്കറിക്കടയും.രണ്ടു കടകളിലും ജോലിക്ക് നില്‍ക്കുന്നത് കാസര്‍കോടുകാരാണ്.ബേക്കറിയില്‍ നിഷാദും,പച്ചക്കറിക്കടയില്‍ ഒരു ജലാലും.രാത്രി ഇവരുടെ റൂമിലാണ് ഞാന്‍ കിടന്നിരുന്നത്.എന്തും സഹിക്കാം..പക്ഷെ വായ തുറന്നാല്‍ തനി കാസര്‍ഗോടന്‍ ഭാഷയെ ഇവര്‍ സംസാരിക്കൂ..[പലപ്പോഴും ഇവര്‍ പറയുന്നത് എനിക്ക് മനസ്സിലാവാറില്ല.

    വൈകുന്നേരമായാല്‍ ഈ രണ്ടു കടകളിലും ഞാന്‍ മാറി മാറി സഹായിക്കാന്‍ നില്‍ക്കും.സുഹൃത്തിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടോ,അല്ലെങ്കില്‍ മറ്റുള്ളവരെ സഹായിച്ചു സ്വര്‍ഗത്തില്‍ പോവാനോ ഒന്നും അല്ല ഈ സഹായം.. അഞ്ചു മണിയോട് കൂടി സ്വര്‍ഗത്തില്‍ നിന്നും മാലാഖമാര്‍ ഇറങ്ങും.. അവരെയും കാത്തു ഗന്ധര്‍വന്മാര്‍ റോടരികില്‍ ബീഡിയും വലിച്ചു ഇരിക്കുന്നുണ്ടാവും. പതിയെ പതിയെ മാലാഖമാര്‍ ഈ രണ്ടു കടകളിലും ഒഴുകി നടക്കും..

    മനസ്സിലായില്ല അല്ലേ... ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന മിക്ക പെണ്‍കുട്ടികളും ഇവിടെയുള്ള ലേഡീസ് ഹോസ്ട്ടലുകലിലാണ് താമസിക്കുന്നത്.കുറെ പേര്‍ പേയിംഗ് ഗസ്റ്റ് ആയിട്ടും.. ഈ ലേഡീസ് ഹോസ്ട്ടളുകള്‍ക്ക് ഞങ്ങള്‍ ഇട്ട പേരാണ് സ്വര്‍ഗ്ഗം.

    പാറിപ്പറന്നു നടക്കുന്ന ആ വര്‍ണ്ണ തുമ്പികളില്‍ ഒന്നിന്റെയെങ്കിലും വാലില്‍ ഒരു ചരട്കെ ട്ടാന്‍ ഞാന്‍ വല്ലാതെ മോഹിച്ചു.അതാണ്‌ ഈ പരസഹായത്തിനു കാരണം.കുറഞ്ഞ നാള്‍ കൊണ്ട് തന്നെ ഞാന്‍ എല്ലാം പഠിച്ചു.ലെമണ്‍ ജൂസ് മുതല്‍ .ഷെയ്ക്ക്,സാലഡ്,കൊക്ക്ട്ടില്‍ വരെ...ഇനി പച്ചക്കറിക്കടയിലാണെങ്കില്‍ തക്കാളിയുടെ വില തൊട്ടു തണ്ണിമത്തന്‍റെ വില വരെ..

    ഷാഹുലിക്കാ ഒരു ഷാര്‍ജാ ഷെയ്ക്ക്... എന്റെ സാറേ ആ സ്വരമങ്ങു കേട്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല.. രണ്ടു കപ്പ്‌ ഐസ്ക്രീം ഇടെന്ദത്തിനു പകരം യാന്ത്രികമായി നാല് കപ്പ് ഇട്ടു പോവും.. രണ്ടു പഴത്തിനു പകരം നാല് പഴവും... എല്ലാം സഹിക്കാം ഒടുവിലത്തെ ആ ഡയലോഗ്... "" ഷാഹുല്‍ അടിച്ചു തരുന്ന ഷെയ്ക്കിന് ഒരു പ്രത്യേക ടെസ്ട്ടാ.... ഹോ അതും കൂടി അങ്ങ് കേട്ടാല്‍ ഞാന്‍ അങ്ങ് ദ്രിധംഗപുളകിതനാകും..കുടുംബത്തില്‍ ആര്‍ക്കും ഇല്ലാത്ത ഷുഗര്‍ എന്നാ അസുഖം എനിക്ക് മാത്രം വന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായി.

    ഇനി പച്ചക്കറിക്കടയില്‍ ആണെങ്കിലോ ..""ഷാഹുലെ കായ എങ്ങനാ കൊള്ളാവോ?? ""കൊള്ളാവുന്നത് നോക്കി എടുത്തോളൂ കുട്ടീ.. എന്നാ ഒരു കിലോ താ.. തൂക്കുന്ന സമയത്ത് അവളെങ്ങാനും മുഖത്ത് നോക്കി ചിരിച്ചാല്‍ ത്രാസില്‍ ഒരു കിലോ എന്നത് അറിയാതെ രണ്ടു കിലോ ആയിപ്പോവും. ലിനന്റെ ഫുള്‍ സ്ലീവ് ഷര്‍ട്ടും,ലീയുടെ ജീന്‍സും,വുഡ്ലാണ്ടിന്റെ ഷൂവും അണിഞ്ഞു ഇന്‍ ചെയ്തു പച്ചക്കറി തൂക്കുന്ന എന്നെ കണ്ടു നാട്ടുകാര്‍ പലരും ചിരിക്കാറുണ്ട്.. എല്ലാം ഞാന്‍ സഹിച്ചു ഒരുതിയെങ്കിലും വീഴും എന്ന പ്രതീക്ഷയില്‍...

    അങ്ങനെയിരിക്കെ ഒരിക്കല്‍ നമ്മുടെ ജലാലിനു ഭയങ്കര രോഗം. ഊണില്ല ഉറക്കമില്ല,ജോലിയില്‍ ശ്രദ്ധയില്ല...ലക്ഷണങ്ങള്‍ കണ്ട പാടെ രോഗം എനിക്ക് മനസ്സിലായി. ചികിത്സിക്കാനും എന്റെ അടുത്തു തന്നെ എത്തി.പ്രേമ രോഗമാണ്.. ആള് ആരാണെന്ന് ചോദിച്ചപ്പോള്‍ ഒരു ലക്ഷ്മി ആണത്രേ.. ദിവസവും വരുന്ന മഹാലക്ഷ്മിമാരില്‍ ആരാണാവോ അവന്റെ ലക്ഷ്മി.

    പിറ്റേന്ന് അവള്‍ കടയിലേക്ക് വന്നപ്പോള്‍ അവന്‍ കാണിച്ചു തന്നു അവന്റെ ലക്ഷ്മിയെ.. ഭാഗ്യം എന്റെ ലിസ്റ്റില്‍ പെട്ട കുട്ടിയല്ല.. പോരാത്തതിന് വല്യ ഭംഗിയും ഇല്ല.. എങ്കിലും അവളുടെ കഴുത്തില്‍ തൂങ്ങുന്ന ടാഗില്‍ നിന്നും അവള്‍ ഇന്‍ഫോപാര്‍ക്കില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായി.. പച്ചക്കരിക്കടക്കാരന് ഉധ്യോഗസ്തയോട് തോന്നുന്ന പ്രണയം.. സിനിമയില്‍ ആണെങ്കില്‍ ഓക്കേ.. ഓട്ടോ ഡ്രൈവര്‍ക്കും ഡോക്റ്ററെ പ്രേമിക്കാം ..പക്ഷെ ഇത് സിനിമ അല്ലാലോ ജീവിതമല്ലേ???എങ്കിലും ജലാലിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ ഞാന്‍ അവനെ സഹായിക്കാം എന്ന് വാക്ക് കൊടുത്തു.

    അന്ന് രാത്രി ഞാന്‍ തല പുകഞ്ഞാലോജിച്ചു,,,പുകക്കാന്‍ ആവശ്യമായ രണ്ടു പേക്ക്‌ വില്ല്സ്,ഒരു കൂട് ചന്ദനത്തിരി ,കൊതുക് തിരി എന്നിവ ഞാന്‍ നേരത്തെ വാങ്ങി വച്ചിരുന്നു.. ജലാല്‍ നേരിട്ട് അവളോട്‌ ഇഷ്ട്ടമാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അവള്‍ ചെരുപ്പൂരി അടിക്കും..അത് കൊണ്ട് തന്നെ ഇന്‍ഡയറക്റ്റ് ആയി കാര്യം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..തലയില്‍ ഒരു ബള്‍ബ് കത്തി..

    ഓപ്പറേഷന്‍ ചെരങ്ങ.

    പിറ്റേന്ന് ആദ്യം തന്നെ അടുത്തുള്ള മൊബൈല്‍ കടയില്‍ നിന്നും പ്രൂഫ്‌ ഇല്ലാതെ ഒരു സിം കാര്‍ഡ് വാങ്ങി രണ്ടു സിം ഉപയോഗിക്കാന്‍ പറ്റുന്ന അവന്റെ ചൈന മൊബൈലില്‍ നിക്ഷേപിച്ചു.പിന്നെ ഒരു ചെറിയ ചരങ്ങാ കഷണം എടുത്തു അതിന്റെ പുറത്തു വടിവൊത്ത അക്ഷരത്തില്‍ എഴുതി.. എനിക്ക് ലക്ഷ്മിയെ ഇഷ്ട്ടമാണ്.. ദയവു ചെയ്തു ഈ നമ്പരില്‍ വിളിക്കുക..പോരാത്തതിന് ആ ചെരങ്ങയില്‍ കുറെ ഉമ്മയും വച്ച് ആ ദരിദ്രവാസി.അന്ന് അവള്‍ കടയില്‍ വന്നപ്പോള്‍ അവള്‍ വാങ്ങിയ പച്ചക്കറികളുടെ കൂടെ ഈ ചെരങ്ങയും അവളുടെ കവറിലിട്ടു.. ചെരങ്ങയില്‍ പ്രേമലേഖനം എഴുതിയ ആദ്യത്തെ മഹാന്‍.

    അന്ന് രാത്രി ഞങ്ങള്‍ അവളുടെ കാള്ളിനു വേണ്ടി കണ്ണില്‍ മണ്ണെണ്ണ ഒഴിച്ച്കാ ത്തിരുന്നു. മൊബൈല്‍ നടുവില്‍ വച്ച് ഞങ്ങള്‍ നോക്കി ഇരിക്കുകയാണ്..പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു..നമ്പര്‍ കൂടി നോക്കാതെ ഞാന്‍ ഫോണ്‍ ചെവിയില്‍ വച്ച്..ജലാലിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ട് വിടര്‍ന്നു.. ""ഡാ നാളെ മാര്‍കെറ്റില്‍ പോവുമ്പോള്‍ പാളയംകോടന്‍ വാങ്ങണ്ട ,വീട്ടില്‍ രണ്ടു കൊലയുണ്ട്...അത് എടുക്കാന്‍ മറക്കണ്ട"" മുതലാളിയാണ്.. തല പുകഞ്ഞു നില്‍ക്കുന്ന സമയത്താണ് അവ ന്റെ ഒരു കൊല.. പിന്നെയും കുറെ സമയം കാതിരുന്നെങ്കിലും നിരാശയായിരുന്നു ഫലം..ഞങ്ങളുടെ മുഖം പോലിസ് ജീപ്പിനു മുകളില്‍ കയറിയ രാഹുല്‍ ഗാന്ധിയെ പോലെയായി..അപ്പുറത്തെ ഹോസ്റ്റലില്‍ നിന്നും സാമ്പാറിന്റെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി.. ജലാലിന്റെ ഹൃദയം കൊണ്ടവര്‍ സാമ്പാര്‍ വച്ച് എന്നുറപ്പായി..

    വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അടുത്ത പ്ലാനില്‍ അവള്‍ വീഴും എന്നുറപ്പുണ്ടായിരുന്നു..പദ്ധതി ഞാന്‍ പതിയെ ജലാലിന്റെ ചെവിയില്‍ പറഞ്ഞു.. അവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു... ഓപ്പറേഷന്‍ ചുരിദാര്‍ എന്ന് പേരിട്ട ആ പ്ലാന്‍ നടപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..
    (ബാക്കി നാളെ ഇതേ സമയം തുടരും)
    മറക്കാതെ വായിക്കുക അടുത്ത ഭാഗം ..അവള്‍ വീഴുമോ അതോ ഞങ്ങള്‍ വീഴുമോ????