1. വെള്ളിയാഴ്ച ലീവ് ആഘോഷിച്ചത് ജുമുആ കഴിഞ്ഞു നന്നായൊന്നുറങ്ങിയാണ്.ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്‌.വിശപ്പ്‌ മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ ആ അറേബ്യന്‍ ഹോട്ടെലില്‍ എത്തിയത് .അകത്തു കയറി ബില്ലടിക്കാന്‍ വേണ്ടി നിന്നപ്പോള്‍ ആരോ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആറോ ഏഴോ വയസ്സ് മാത്രമുള്ള ഒരു ബാലന്‍ നിഷ്കളങ്കമായി എന്നെ നോക്കുന്നു. സംഭവം ഭിക്ഷയാണെന്നു മനസ്സിലായി.. ഇവിടെ സൌദിയില്‍ എവിടെ ചെന്നാലും കാണാം ഇത്തരം ഭിക്ഷക്കാരെ..കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പോക്കെറ്റില്‍ നിന്നും ഒരു റിയാല്‍ എടുത്തു അവനു കൊടുത്തു ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍ അവന്‍ പിറകെ കൂടി എന്റെ നേരെ ഒരു ച്യൂയിന്‍ഗം നീട്ടി.അപ്പോഴാണ്‌ ഞാന്‍ അവനെ ശരിക്ക് നോക്കിയത്. അവന്റെ കയ്യില്‍ ച്യൂയിങ്ങതിന്റെ ഒരു പാട് ബോക്സ് ഉണ്ട്. ഞാന്‍ കൊടുത്ത ഒരു റിയാലിന് പകരം ഒരു റിയാലിന്റെ ച്യൂയിന്ഗം തന്നിരിക്കുന്നു.ഭിക്ഷാടനം അല്ല ച്യൂയിന്ഗം വില്‍പ്പന ആണ് അവനെന്നു മനസ്സിലായി.അവനെ തെറ്റിദ്ധരിച്ചതില്‍ എനിക്ക് സങ്കടം തോന്നി..

    മറ്റാരോ അകത്തേക്ക് കയറിയപ്പോള്‍ അയാളുടെ പിറകെയും അവന്‍ കൂടി .അവന്റെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടു അയാളും അവനു പണം കൊടുത്തു.. പകരം അവന്‍ ച്യൂയിന്ഗം കൊടുത്തെങ്കിലും അയാള്‍ അവന്റെ തലയില്‍ സ്നേഹപൂര്‍വ്വം തലോടി അത് നിരസിച്ചു.അവന്റെ പൂച്ചക്കണ്ണും,തുടുത്ത കവിളും ,പ്രായത്തില്‍ കവിഞ്ഞ ചുറുചുറുക്കും കണ്ടപ്പോള്‍ എനിക്ക് കൌതുകം തോന്നി.

    ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു.അവന്‍ ഓടി വന്നു എന്റെ പോക്കെറ്റില്‍ കയ്യിട്ടു മൊബൈല്‍ എടുത്തു അതില്‍ കളിക്കാന്‍ തുടങ്ങി.അവനോടു ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.അഫ്ഗാനിസ്ഥാന്‍ ആണ് അവന്റെ സ്വദേശം.പേര് അഹമദ് അക്രം.താലിബാനും അമേരിക്കയും ചേര്‍ന്ന് അഫ്ഗാന്‍ യുദ്ധക്കളമാക്കിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം സൌദിയില്‍ അഭയം പ്രാപിച്ചവതാണ് അവന്റെ കുടുംബം.ഉമ്മയും കുഞ്ഞു പെങ്ങളും അടങ്ങുന്ന അവര്‍ താമസിക്കുന്നത് റുവൈസില്‍ ഏതോ ഒരു പുറമ്പോക്കില്‍ ആണ്.ബാപ്പ മരിച്ചു പോയി എന്ന് അവന്‍ പറഞ്ഞത് പോലും ഒരു പുഞ്ചിരിയോടെ ആയിരുന്നു.മരണത്തിന്റെ ഗൌരവം അറിയാത്ത പാവം.കളിച്ചു നടക്കേണ്ട പ്രായത്തില്‍ ,യുണിഫോം അണിഞ്ഞു സ്കൂളില്‍ പോവേണ്ട പ്രായത്തില്‍ കുഞ്ഞിളം കൈകളില്‍ ജീവിത ഭാരവും പേറി ഷോപ്പിംഗ്‌ മാളുകള്ക്ക് മുന്നിലും,ഹോട്ടലുകള്‍ക്ക് മുന്നിലും അലയുന്നു. എങ്കിലും അവനെ കുറിച്ചോര്‍ത്തു എനിക്ക് അഭിമാനം തോന്നി.മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കാനുള്ള ആ ബാലന്റെ ആ വലിയ മനസ്സ്... അഫ്ഗാനികള്‍ അഭിമാനികള്‍ ആണെന്ന് കേട്ടിട്ടുണ്ട്..ഇപ്പോള്‍ അത് നേരിട്ട് എനിക്ക് ബോധ്യമായി.ഞാന്‍ അവനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ഉരു ഉമ്മ വച്ചു.. അവന്‍ സ്നേഹത്തോടെ എന്നെയൊന്നു നോക്കി.പിന്നെ പോക്കെറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു..അതില്‍ നിന്നും തിളക്കം കുറഞ്ഞ ഒരു റോള്‍ഡ്ഗോള്ടിന്റെ ഒരു മാല എടുത്തു കാണിച്ചു തന്നു.. അവന്റെ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി അവന്‍ വാങ്ങിയതാനത്രേ... പാതി രാത്രി വരെ ച്യൂയിന്ഗം വിറ്റു കിട്ടുന്ന തുച്ചമായ കാശില്‍ നിന്നും മിച്ചം വച്ച് അവന്‍ വാങ്ങിയ ആ തിളക്കം കുറഞ്ഞ മാലക്ക് ലക്ഷങ്ങള്‍ വിലയുള്ള രത്നങ്ങളെക്കാള്‍ മൂല്യമുണ്ടെന്നു എനിക്ക് തോന്നി. പെങ്ങള്‍ക്ക് ഒരു ചോളി വാങ്ങിയത് പോലും എഫ് ബി യില്‍ സ്ടാടസ് ഇട്ടു ഘോഷിക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. എന്റെ ചെവിയില്‍ പിടിച്ചു മാല ഇഷ്ട്ടായോന്നു അവന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.. കാരണം എന്റെ കണ്ണും മനസും ഒരു പോലെ നിറഞ്ഞിരുന്നു.

    മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു മേല്‍ കൈ വച്ച് ആക്രമണം അഴിച്ചു വിടുന്ന സാമ്രാജ്യത്ത ശക്തികളായ അമേര്ക്കയെപ്പോലുള്ള രാജ്യങ്ങളുടെ ഹുങ്കിന് മുന്നില്‍ ഇരുളടഞ്ഞു പോവുന്നത് പലപ്പോഴും ഇത്തരം ബാല്യങ്ങളാണ്.ഈ ബാലന്റെ നിഷ്കളങ്കത വിറ്റ് ലൈക് നേടാന്‍ വേണ്ടിയല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്. മറിച്ചു ചിന്തിക്കാന്‍ വേണ്ടിയാണ്.. ഒന്നോ രണ്ടോ വര്ഷം ഗള്‍ഫില്‍ വന്നു ജോലി ചെയ്യുമ്പോഴേക്കും ഞാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ഒരു പാട് കഷ്ട്ടപ്പെട്ടു എന്ന് പരിതപിക്കുന്നവരും, രണ്ടു കയ്യും,രണ്ടു കാലും പൂര്‍ണ്ണ ആരോഗ്യവും ഉണ്ടായിട്ടും മാതാപിതാക്കളുടെ തണലില്‍ തിണ്ണ നിരങ്ങി കാലം തീര്‍ക്കുന്നവരും, പേരിനു ഒരു ഡിഗ്രി ഉണ്ടായതിന്റെ പേരില്‍ വെള്ള കോളര്‍ ജോലി സ്വപ്നം കണ്ടു മറ്റൊരു ജോലിക്ക് പോവാതിരിക്കുന്നവര്‍ക്കും,പ്രായമായ അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കും, ഈ ബാലന്‍ ഒരു പാഠമാവട്ടെ.... shahul malayil.
    — with Subin Lal Karatt.