1. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.അത് കൊണ്ട് തന്നെ യാത്രകളെ വല്ലാതെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.അത് രണ്ടു കിലോമീറ്റര്‍ ആയാലും രണ്ടായിരം കിലോമീറ്റര്‍ ആയാലും.പല യാത്രകളിലും എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു യാത.. അതിനെ കുറിച്ചാണ് ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത്.

    സൌദിയില്‍ വന്നതിനു ശേഷം എന്റെ ആദ്യത്തെ ഉംറ.കാലത്ത് സുബഹി നമസ്ക്കാരം കഴിഞ്ഞു കൂട്ടുകാരന്‍റെ ടാക്സിയില്‍ കയറി ഞാന്‍.വാഹനം മുന്നോട്ടു പോവുന്തോറും പിന്നോട്ട് നീങ്ങുന്ന കെട്ടിട സമുച്ചയങ്ങളെ കൌതുകത്തോടെ ഞാന്‍ നോക്കി നിന്ന് .നമ്മുടെ നാട്ടിലെ ഹൈടെക്ക് സിട്ടികളെ വെല്ലുന്ന കോണ്ക്രീറ്റ് മന്ദിരങ്ങള്‍.ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍,ഷോപ്പിംഗ്‌ മാളുകള്‍..ആകാശം തൊട്ടു നില്‍ക്കുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍..നട്ടാല്‍ മുളക്കാത്ത ഈ മരുഭൂമിയില്‍ അങ്ങനെയാണ് ഇത്ര ഉറപ്പോടെ ഈ കെട്ടിടങ്ങള്‍ നില നില്‍ക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

    ജിദ്ദയുടെ അതിര്‍ത്തി കഴിഞ്ഞപ്പോള്‍ മരുഭൂമി പ്രത്യക്ഷപ്പെട്ടു തുടങ്ങി..നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന വിശാലമായ മണല്‍ക്കാട്..മരുഭൂമിക്കു നടുവിലൂടെ സൃഷ്ട്ടിച്ച ആ റോഡിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങുകയാണ്.ആകാശത്ത് സൂര്യന്‍ പ്രഭ ചൊറിയാന്‍ തുടങ്ങി.സൂര്യ പ്രകാശത്തില്‍ ഓരോ മണല്തരിയും വെട്ടി തിളങ്ങാന്‍ തുടങ്ങി.ദൂരെ കൂട്ടത്തോടെ കെട്ടിയിട്ട ഒട്ടക കൂട്ടങ്ങളെയും,ആട്ടിന്‍ പറ്റങ്ങളെയും കാണാം..തൊട്ടടുത്ത്‌ തന്നെ തുണി കൊണ്ട് മറച്ച താല്‍ക്കാലിക ടെന്റുകളും.. പെട്ടെന്ന് മനസിലേക്ക് കടന്നു വന്നത് ബെന്യാമന്റെ ആട് ജീവിതം എന്നാ നോവലാണ്‌..കത്തിക്കാളുന്ന സൂര്യന് കീഴെ ആട്ടിന്‍ കൂട്ടങ്ങളെ മേക്കാന്‍ വിധികപ്പെട്ട ഹത ഭാഗ്യര്‍.

    മക്ക എത്താറായി.. മനസ്സിനകത്ത് എന്തോ ഒരു വിങ്ങല്‍.. ആകാംക്ഷ ..ചിത്രങ്ങളിലൂടെയും എഴുതുകളിലൂടെയും മാത്രം പരിചയമുള്ള പുണ്യ നഗരി..അല്ലാഹുവിന്റെ ഭവനമായ കഅബ..ഞാന്‍ പുറത്തേക്കു നോക്കി ..പുണ്യ രസൂലിന്റെ പാദ സ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ ഈ മരുഭൂമിയിലെ ഓരോ മണല്‍ത്തരിക്കും ഉണ്ടാവും ഒരായിരം കഥ പറയാന്‍..

    മക്കയിലെ ക്ലോക്ക് ടവറിനു മുന്നിലാണ് ആയാത്ര അവസാനിച്ചത്‌.വിശുധമാക്കപ്പെട്ട മക്ക നഗരിയില്‍ വലതു കാല്‍ വച്ച് ഞാന്‍ ഇറങ്ങി.എവിടെ നോക്കിയാലും ശുഭ്ര വസ്ത്രധാരികളായ ഭക്തര്‍ മാത്രം..കൂട്ടുകാരന്റെ കൂടെ ഞാന്‍ മസ്ജിദുല്‍ ഹറമിനകതെക്ക് പ്രവേശിച്ചു.ഹൃദയം വല്ലാതെ മിടിക്കുന്നു.. വല്ലാത്ത പരവേശം..ആദ്യമായി കഅബ കാണാന്‍ പോവുകയാണ്..ഹരമിനകത്തു ധാരാളം ആളുകള്‍.. ചിലര്‍ ഖുറാന്‍ പാരായണം ചെയ്യുന്നു....ചിലര്‍ കഅബയെ നോക്കി ഇരിക്കുന്നു.. ചിലര്‍ ക്ഷീണം കാരണം തളര്‍ന്നു കിടന്നുരങ്ങുന്നു.. ഞാന്‍ പതിയെ മുന്നോട്ടു നീങ്ങി.. കാതുകളെ ഹരം കൊള്ളിച്ചു കൊണ്ട് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു.. ഒരു നിമിഷം ഞാന്‍ ആ കാഴ്ച കണ്ടു സപ്ത നാഡികളും തളര്‍ന്നിരുന്നു പോയി..കറുത്ത തുണി കൊണ്ട് പൊതിഞ്ഞ പരിശുദ്ധ ഭവനം.. holly കഅബ.. കണ്ണിമ വെട്ടാതെ ഞാന്‍ അതിലേക്കു തന്നെ ഉറ്റു നോക്കി.. ശ്വാസം വിടാന്‍ പോലും മറന്നു...മാഷാ അല്ലാഹ്.. ലോകത്തെമ്പാടുമുള്ള മുസ്ലിംകള്‍ അഞ്ചു നേരവും തിരിഞ്ഞു നിന്ന് നമസ്കരിക്കുന്ന സ്ഥലം... യാന്ത്രികമായി ഞാന്‍ മുന്നോട്ടു നീങ്ങി.. ഓരോ പദചലനത്തിലും കഅബയുമായി ഞാന്‍ കൂടുതല്‍ അടുക്കുകയായിരുന്നു..

    ആദ്യമായി കടല്‍ കണ്ടപ്പോള്‍ പേടിയായിരുന്നു എനിക്ക്.. പിന്നെ അത് അത്ഭുതവും പിന്നീട അത് കൌതുകവുമായി മാറി.. സമുദ്രാന്തര്‍ ഭാഗത്ത്‌ നിന്നും ഉടലെടുത്തു കരയെ പുല്‍കാന്‍ പാഞ്ഞടുക്കുന്ന തിരമാലകളെ കണ്ടു ഞാന്‍ ഭയന്നിട്ടുണ്ട്‌..ഭയം പിന്നീട് കൌതുകത്തിന് വഴി മാറിയപ്പോള്‍ ആ തിരമാലകില്‍ ഞാന്‍ നീരാടിയിട്ടുണ്ട്..

    കഅബ കണ്ടപ്പോഴും ആദ്യം എനിക്ക് പേടിയായിരുന്നു.. എന്നാല്‍ ഭയം ആവേശത്തിന്ക വഴി മാറിയപ്പോള്‍ അബക്ക് ചുറ്റും ഒഴുകി നീങ്ങുന്ന പതിനായിരങ്ങളില്‍ ഒരുവനാവാന്‍ ഞാനും കൊതിച്ചു..
    സുഹൃത്തിന്റെ കൈ പിടിച്ചു കഅബ പ്രദക്ഷിണം ചെയ്യാന്‍ ഞാന്‍ ആള്കൂട്ടതിലെക്കിറങ്ങി.. കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തില്‍ പെട്ടഅവസ്ഥയായിരുന്നു എനിക്ക്.... ആ തിരക്കില്‍ ഒഴുക്കിനനുസരിച്ച്ഞാനും നീങ്ങി.പക്ഷെ തിരക്കില്‍ സുഹൃത്തിനെ എനിക്ക് നഷ്ട്ടപ്പെട്ടു. എങ്കിലും ഞാന്‍ മുന്നോട്ടു തന്നെ നീങ്ങി.. തവാഫ് ചെയ്യുമ്പോള്‍ ചെല്ലേണ്ട ദിക്റുകള്‍ അടങ്ങിയ ഒരു ചെറിയ പുസ്തകം കയ്യില്‍ ഉണ്ടായിരുന്നു.. എന്നാല്‍ ചുറ്റിനുമുള്ള കാഴ്ചകള്‍ എന്നെ മാടി വിളിച്ചപ്പോള്‍ പുസ്തകം എനിക്ക് മടക്കേണ്ടി വന്നു.

    കത്തിക്കാളുന്ന സൂര്യന് കീഴെ വിയര്തോലിച്ചു നീങ്ങുകയാണ് ആ വലിയ ജനക്കൂട്ടം..പക്ഷെ ഒരാള്‍ പോലും ചൂട് അറിയുന്നില്ല.. ചെരുപ്പകാരനും,വൃദ്ധനും,പണക്കാരനും,പാവപ്പെട്ടവനും,പാകിസ്താന്‍കാരനും,ഫിലിപ്പൈനിയും,ശ്രീലങ്കക്കാരനും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിലേക്ക്മ ഒരേ ദിക്രുകള്മായി നടന്നു നീങ്ങുന്നു..മനസ്സ് ഭക്തി സാന്ത്രമാണ്..കഅബയെ നോക്കുന്തോറും കൈ കാലുകള്‍ക്ക് കൂടുതല്‍ വിറ.അനുഭവപ്പെട്ടു.. പെട്ടെന്നാണ് ഞാനത് കണ്ടത്. ..സങ്കടം താങ്ങാനാവാതെ പൊട്ടിക്കരയുന്ന ഒരു ഇന്‍ഡോനേഷ്യന്‍ സ്ത്രീ.. അവരുടെ കണ്ണുകള്‍ ചോര്ന്നോലിക്കുകയാണ്... യാ അള്ളാ... എന്ന് ഇടയ്ക്കു പറയുന്നുണ്ട്..കൂടെയുള്ള സ്ത്രീകളും പൊട്ടി പൊട്ടി കരയുന്നു.. മനസ്സൊന്നു പിടഞ്ഞു പോയി.. മാഷാ അല്ലാഹ് .. അറിയാതെ എന്റെ മിഴികള്‍ നിറഞ്ഞു... ഷാഹുല്‍ മലയില്‍ എന്ന വ്യക്തി ഈ ലോകത്ത് എത്ര മാത്രം ചെറിയവന്‍ ആണെന്ന് ഞാന്‍ മനസിലാകുകയായിരുന്നു..ചെയ്തു പോയ തെറ്റുകള്‍ മുഴുവന്‍ മനസ്സിലേക്ക് ഓടിയെത്തി..എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. കണ്ണീരു വീണു കവിള്‍ത്തടം നനഞ്ഞു..

    സ്വര്‍ഗത്തില്‍ നിന്നിരക്കപ്പെട്ട കല്ലായ ഹജറുല്‍ അസ്വദിനു അടുത്തെത്തിയപ്പോള്‍ കനത്ത തിരക്ക് അനുഭവപ്പെട്ടു.. അതില്‍ ഒന്ന് സ്പര്‍ശിക്കാന്‍ ,ഒന്ന് മുത്തമിടാന്‍ എല്ലാവരും മത്സരിക്കുകയാണ്.. അതിനടുത് ട്യുട്ടിയില്‍ ഉള്ള പോലീസുകാരന്‍ തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാട് പെടുന്നു.എല്ലാവരും പൊട്ടി കരയുകയാണ്.. ചെയ്തു പോയ തെറ്റുകള്‍ഓര്‍ത്തു പൊരുക്കലിനെ തേടുകയാന്.എന്നെക്കാള്‍ ആശക്തരായവരും,സ്ത്രീകളും,വൃദ്ധന്മാരും വരെ തിരക്കിനെ അവഗണിച്ചു ആ കല്ലിനടുതെക്ക് നീങ്ങുകയാണ്.മനസ്സില്‍ നിറയുന്ന ഭക്തി അതൊന്നു മാത്രമാണ് അവരെ മുന്നോട്ടു നയിക്കുന്നത്.ആരടിയിലതികം ഉയരവും,അതിനൊത്ത ആരോഗ്യവും ഉണ്ടെങ്കിലും അതിന്റെ എഴയലത്തെത്താന്‍ എനിക്കുകഴിഞ്ഞില്ല.. എല്ലാമുണ്ടെങ്കിലും ചില സമയത്തെങ്കിലും മനുഷ്യര്‍ ആശക്തരാനെന്നു ഞാന്‍ മനസ്സിലാക്കുകയായിരുന്നു.

    പെട്ടെന്നാണ് ആ കാഴ്ച എന്റെ മനസ്സിനെ കീഴടക്കിയത്. ഒരു മിസരി തന്റെ നാല് വയസ്സുള്ള മകനെ തോളില്‍ വച്ച് ഹജറുല്‍ അസ്വദിനു നേരെ കുതിക്കുകയാണ്..ചെറിയ ഉമ്ര തുണിയും ചുറ്റി പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു സുന്തരന്‍ കുട്ടി. സ്വന്തം ജീവന് പോലും വില കല്‍പ്പിക്കാതെ അയാള്‍ ആ തിരക്കിലൂടെ മുന്നോട്ടു നീങ്ങുകയാണ്.. അയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ആ കുട്ടി കല്ലിനു നേരെ കൈ നീട്ടുകയാണ്.. പക്ഷെ ആ കുട്ടിക്ക് തിരക്ക് കാരണം കല്ലില്‍ തൊടാന്‍ കഴിയുന്നില്ല...പെട്ടെന്ന് ആരോ ആ കുട്ടിയെ എടുത്തു ഹജറുല്‍ അസ്വദിനു മുന്നിലെത്തിച്ചു.. ആ കുരുന്നു ചുണ്ടുകള്‍ ആ കല്ലുകളെ മുത്തമിടുന്നത് ഞാന്‍ അസൂയയോടെ നോക്കി നിന്ന് ...ഭാഗ്യം ചെയ്ത കുട്ടി..

    ത്വവാഫ് കഴിഞ്ഞപ്പോള്‍ കഅബയെ ഒന്ന് തൊടണം എന്നാ ആഗ്രഹം മനസ്സില്‍ മുള പൊട്ടി..ഞാന്‍ പതിയെ പിറകിലേക്ക് വന്നു അകത്തേക്ക് കയറി.. ഞാന്‍ കഅബയുടെ തൊട്ടടുത്ത്‌..സിരകളിലൂടെ രുധിരമാതിവേഗമോഴുകി..മനസ്സില്‍ ഭക്തി നിറഞ്ഞു.. ഹൃദയം പ്രകമ്പനം കൊള്ളുകയാണ്..ഞാന്‍ കഅബക്ക് നേരെ പതിയെ കൈകള്‍ നീട്ടി.. ശരീരം വിറക്കുകയാണ്.. എനിക്കും കഅബക്കും ഇടയില്‍ അല്ലാഹു മാത്രം.... ചുറ്റില്‍ നിന്നും ഉയരുന്ന മന്ത്ര ധ്വനികള്‍ ഞാന്‍ കേള്‍ക്കുന്നില്ല.. ഒഴുകി നീങ്ങുന്ന പതിനായിരങ്ങളെ ഞാന്‍ കാണുന്നില്ല..ഞാന്‍ പതിയെ കൈകള്‍ അതില്‍ സ്പര്‍ശിച്ചു.. ഒരു തരംഗം ശരീരത്തിലൂടെ കടന്നു പോയി..ഒരു ഷോക്ക്‌... ചെറുപ്പത്തില്‍ ഉമ്മ മാറോടു ചേര്‍ത്തു നെറ്റിയില്‍ ചുംബിച്ചപ്പോള്‍ തോന്നിയ അതെ വികാരം.. ഒരു ഏങ്ങലടി കേള്‍ക്കുന്നു.. ഞാന്‍ സൈഡിലെക്കു നോക്കി... ഒരു ആജാനബാഹുവായ പാകിസ്ഥാനി.. എന്നേക്കാള്‍ ഇരട്ടി പൊക്കമുണ്ട്.. കണ്ടാല്‍ തന്നെ പേടി തോന്നും.. അയാള്‍ കഅബയില്‍ മുഖമമര്‍ത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരയുകയാണ്.. മാഷാ അല്ലാഹ്.. അതും കൂടി കണ്ടതോടെ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ പരിസരം മറന്നു.. തൊണ്ടക്കുഴിയില്‍ തടഞ്ഞു നിന്ന നിലവിളി പുറത്തേക്കു വന്നു..കരയുകയായിരുന്നു ഞാന്‍..ജീവിതത്തില്‍ ആദ്യമായി എനിക്ക് വേണ്ടി ആത്മാര്‍ഥമായി ഞാന്‍ കരഞ്ഞു.. ഇനി ഒരിക്കലും തെറ്റിന്റെ ലോകത്തേക്ക് മടക്കമില്ലെന്ന് ദൃഡനിശ്ചയം ചെയ്തു ഞാന്‍...എത്ര നേരം അങ്ങനെ നിന്ന് എന്നെനിക്കറിയില്ല.. പോലീസുകാരന്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.. തിരക്കൊഴിവാക്കാന്‍ അയാള്‍ പുറത്തേക്കു പോവാന്‍ പറഞ്ഞു..

    കളങ്കമില്ലാത്ത ഹൃദയം കൊണ്ട് ദൈവത്തെ കാണാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു..ഒരു പാട് കര്‍മ്മങ്ങള്‍ ബാക്കിയുണ്ട്.. എല്ലാം എഴുതാന്‍ സ്ഥല പരിമിതി അനുവദിക്കുന്നില്ല.. സഫാ മര്‍വയും,ഇബ്രാഹീം മഖാമും,സം സം ജലവും..ഒത്തിരി കാര്യങ്ങള്‍..

    എല്ലാം കഴിഞ്ഞു വണ്ടിയില്‍ കയറുമ്പോള്‍ ഹരമിന് നേരെ നോക്കി കൈവീശി ഞാന്‍.. വീണ്ടു വരാം എന്നാ ഉറപ്പില്‍..ഒരിക്കലും മറക്കാത്ത ദിവസം എന്ന് ഞാന്‍ ഡയറിയില്‍ കുറിച്ചിട്ട ആ യാത്രക്ക് അവിടെ അന്ത്യമാവുകയായിരുന്നു.പിന്നീട് ഒരു [പാട് തവണ ഇവിടെ വരാനും ഉംറ നിരവഹിക്കുവാനുമുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി.അപ്പോഴും ഒരു ഹജ്ജ് എന്നാ സ്വപ്നം സ്വപ്നമായി തന്നെ നില്‍ക്കുന്നു.ഇന്ഷ അല്ലഹ്.. അള്ളാഹു തൌഫീക്ക് നല്‍കട്ടെ..

    കഅബ ആദ്യമായി കാണുമ്പോള്‍ നാം പ്രാര്‍ത്തിക്കുന്ന പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം കിട്ടും എന്ന് ഞാന്‍ പറഞ്ഞു.കേട്ടിരുന്നു.. എന്തായാലും എന്റെ കാര്യത്തില്‍ ഇത് നൂറു ശതമാനം സത്യമായി .. എന്റെ ആദ്യ പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു.. അല്ഹമ്ദുലില്ലാഹ്...

    ലോക ജനതയുടെ മുന്നില്‍ ഏറ്റവും കൂടുത തെറ്റിദ്ധരിക്കപ്പെട്ട മതം ഇസ്ലാം ആണ്.. ഇസ്ലാം എന്നാല്‍ തീവ്രവാദം ആണെന്നും,മുസ്ലിംകള്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്നും ചിലര്‍ കുപ്രചരണം നടത്തുന്നു..എന്നാല്‍ ഇസ്ലാമിനെ കുറിച്ച് ശരിക്ക് പഠിക്കാത്തവര ആണ് ഇത്തരകാര്‍.. മനസ്സരിന്ഞ്ഞു കലിമ ചൊല്ലിയ ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഒരിക്കലും പാവങ്ങളെ കൊന്നൊടുക്കുവാന്‍ വേണ്ടി ജിഹാദ് നടത്താന്‍ ആയുധമെടുക്കില്ല.കാരണം ഇസ്ലാം സമാധാനത്തിന്റെ മതമാണ്‌.. അത് കൊണ്ട് തന്നെ ഏതു ഐര്പോര്ട്ടില്‍ തുണിയുരിഞ്ഞുള്ള പരിശോധന നേരിട്ണ്ടി വന്നാലും ഞാന്‍ അഭിമാനത്തോടെ പറയും ഞാന്‍ ഒരു മുസല്‍മാന്‍ ആണെന്ന്.

    സര്‍വ ശക്തനായ അല്ലാഹു നമ്മെ എല്ലാവരെയും ഈമാനോട് കൂടി മരിക്കുവാനുള്ള തൌഫീക്ക് നല്‍കട്ടെ...