അറിയാതെ പോയ പ്രണയം, .
A nostalgical love story
വര്‍ഷം..2001 അഞ്ചു വര്‍ഷത്തെ എകാന്തതനിറഞ്ഞ പ്രവാസ ജീവിതത്തിനു വിരാമമിട്ടു കൊണ്ട് അയാള്‍ നാട്ടിലെത്തി.പഴയ തറവാടിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടു നില വീട്ടിലേക്കു അയാള്‍ അഭിമാനത്തോടെ നോക്കി.അഞ്ചു വര്‍ഷത്തെ തന്റെ അധ്വാനത്തിന്റെ ഫലം.അന്ന് തന്നെ ഉമ്മയും മകനും പുതിയ വീട്ടിലേക്കു താമസം മാറി.വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ രുചികരമായ ഭക്ഷണം കഴിച്ചത് കൊണ്ടാവണം അയാള്‍ അന്ന് രാതി നന്നായുറങ്ങി..കാലത്ത് ഉമ്മയുടെ നിലവിളി കേട്ടാണ് അവന്‍ ഉണര്‍ന്നത്.
എന്താ ഉമ്മാ എന്ത് പറ്റി??? "' മോനെ നമ്മുടെ തറവാട്ടില്‍ കള്ളന്‍ കയറി"" അയാള്‍ പഴയ വീടിലേക്ക് കയറി.വാതില്‍ കുത്തി പൊളിച്ചിരിക്കുകയാണ്.അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ""ഇതിനാണോ ഉമ്മ നിലവിളിക്കുന്നത്.ഏതായാലും പൊളിക്കാന്‍ ഇരുന്ന വീടല്ലേ കള്ളന്‍ തന്നെ കട്ടില ഇളക്കിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി.അയാള്‍ തന്റെ പഴയ റൂമിലേക്ക് കടന്നു. സാധനങ്ങള്‍ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുകയാണ്..തന്റെ പഴയ പുസ്തകങ്ങള്‍,ട്രോഫികള്‍,വസ്ത്രങ്ങള്‍...സ്നേഹം വരികളിലാക്കിയ ഓട്ടോഗ്രാഫ്.......ഒരു പാട് വര്‍ഷത്തെ തന്റെ ഓര്‍മകളാണ് അവിടെ ചിന്ന ഭിന്നമായി കിടക്കുന്നതെന്ന് അയാള്‍ ഓര്‍ത്തു..പഴയ കുട്ടികൂറ പൌഡറിന്റെ മണമുള്ള ആ പഴയ വസ്ത്രങ്ങള്‍ എല്ലാം അയാള്‍ പെറുക്കി കൂട്ടി ..പാവം ഉമ്മ അഞ്ചു വര്ഷം എല്ലാം തനിക്കു വേണ്ടി സൂക്ഷിച്ചിരിക്കുന്നു.. പഴന്തുണികളുടെ കൂട്ടത്തില്‍ നിന്നും അയാള്‍ ഒരു ജീന്‍സ് പാന്‍റ് പൊക്കിയെടുത്തു.റഫ് ആന്‍ഡ് ടഫ്.. അക്ഷയ് കുമാര്‍ വില്ലന്മാരെ അടിച്ചു പരത്തുന്ന റഫ് ആന്‍ഡ് ടഫിന്‍റെ പരസ്യം കണ്ടു മയങ്ങി ഉപ്പയുടെ കാലു പിടിച്ചു വാങ്ങിച്ച ജീന്‍സ്.അഞ്ചു വര്‍ഷത്തോളം താന്‍ ഉടുതിത്തിട്ടുണ്ടാവണം നീല കളറുള്ള ഇപ്പോള്‍ നിറം മങ്ങിയ ഈ ജീന്‍സ്. അയാള്‍ ആ പാന്‍റ് ഒന്ന് കുടഞ്ഞു .. പെട്ടെന്ന് ആ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് കഷണം താഴേക്കു വീണു. അയാള്‍ കൌതുകത്തോടെ ആ പേപര്‍ എടുത്തു,പൊടി പിടിച്ചു ചുക്കി ചുളിഞ്ഞ ആ കടലാസ് തുണ്ടിന്റെ പുറത്തു എഴുതിയ വാക്കുകള്‍ അയാള്‍ ജിജ്ഞാസയോടെ നോക്കി... രണ്ടു രൂപയുടെ പഴയ റെയ്നോള്‍സ് പേന കൊണ്ട് വടിവൊത്ത അക്ഷരത്തില്‍ ഉരുട്ടി എഴുതിയത്.. "" സ്നേഹപൂര്‍വ്വം ഗഫൂര്‍ക്കാക്ക് ഹസീന എഴുതുന്നത്....
അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു.. കണ്ണുകള്‍ വിടര്‍ന്നു.. ഹസീന... ഹസീന..ഓര്‍മ്മകള്‍ ഭൂതകാലത്തേക്ക് സഞ്ചരിച്ചു.. ആരായിരുന്നു തനിക്കു ഹസീന..ഒരു കളിക്കൂട്ടുകാരി???ബാല്യകാല സഖി.. അല്ല അതിനുമപ്പുറം തനിക്കു എല്ലാമായിരുന്നു ഹസീന.തന്റെ വീട്ടില്‍ നിന്നും മൂന്നു വീട് അപ്പുറം ആയിരുന്നു അവളുടെ വീട്.പഠനവും കളികളും എല്ലാം ഒരുമിച്ചായിരുന്നു.കാലത്ത് എണീറ്റ് പട്ടാളം രാജേട്ടന്റെ തൊടിയിലെ ഞാവല്‍ മരത്തിന്റെ ചുവട്ടില്‍ ഞാവല്‍ പെറുക്കാന്‍ പോയത്.. പെറുക്കിയ ഞാവലുകള്‍ തേക്കില കൊണ്ട് കുമ്പിള്‍ കുത്തി അതില്‍ നിറച്ചത്.സ്കൂള്‍ വിട്ട് വന്നാല്‍ കൂമ്പന്‍ കുന്നിലെ ചാത്തന്‍ ചിര പറമ്പില്‍ തെച്ചിപ്പഴം അറുക്കാന്‍ പോയത്.. വീടിനു മുന്നിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്നും തോര്‍ത്ത് കൊണ്ട് കോരി മീന്‍ പിടിച്ചത്..കിട്ടിയ മീനുകളെ സുര്‍ക്ക കുപ്പിയില്‍ വെള്ളം നിറച്ചു അതില്‍ വളര്‍ത്തിയത്....എല്ലാത്തിനും അവളുടെ കൂടെ ഞാന്‍ ഉണ്ടായിരുന്നു... ഗോപാലേട്ടന്റെ കടയില്‍ നിന്നും സൈക്കിള്‍ വാടകയ്ക്ക് എടുത്തു അവളെ പഠിപ്പിച്ചത്.. അതിന്റെ പേരില്‍ ഉപ്പ കെട്ടിയിട്ടു തല്ലിയത്.. കുണ്ടന്‍ കുളത്തില്‍ കുളിക്കുമ്പോള്‍ മുങ്ങി പോയപ്പോള്‍ ജീവന്‍ പണയം അവളെ രക്ഷിച്ചത്.. ഒടുവില്‍ എന്റെ കൈകളില്‍ കിടത്തി അവളെ നീന്തല്‍ പഠിപ്പിച്ചത്... ഒന്നും ഒന്നും മറക്കാന്‍ കഴിയില്ല..പലപ്പോഴും അവള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഞാനാണ് ശിക്ഷ വാങ്ങിയിരുന്നത്.. കാരണം അവളുടെ കണ്ണുകള്‍ നിറയുന്നത് കുട്ടിക്കാലം തൊട്ടേ എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു..,മദ്രസയില്‍ പോവുമ്പോള്‍ അവളെ കടിക്കാന്‍ വന്ന സൈതാലി ഇക്കയുടെ നായയുടെ കാലു തല്ലി ഒടിച്ചതും അതിന്റെ പേരില്‍ അടി വാങ്ങിയതും അവള്‍ക്കു വേണ്ടിയായിരുന്നു.
ഞാന്‍ വളരുന്നതിനോടൊപ്പം അവളോടുള്ള എന്റെ മൊഹബ്ബതും വളരുകയായിരുന്നു.പക്ഷെ അവള്‍ വളരുന്നതിനനുസരിച്ച് അവള്‍ക്കു എന്നോടുള്ള ഇഷ്ട്ടം കുറയുകയുമായിരുന്നു.എന്താണ് അവള്‍ക്കു സംഭവിച്ചത് എന്ന് അറിയില്ല.ഹൈസ്കൂളില്‍ എത്തിയതോടെ അവള്‍ എന്നോടുള്ള മിണ്ടാട്ടം പോലും നിര്‍ത്തി.മനപ്പൂര്‍വ്വം അവള്‍ എന്നെ അവഗണിച്ചു തുടങ്ങി.ഒരിക്കല്‍ അവളുടെ പേര് എന്റെ നോട്ടുബുക്കില്‍ എഴുതിയത് കണ്ടു വിക്ര്തിയായ രഞ്ജിത് ചുമരില്‍ മുഴുവന്‍ എന്റെയും അവളുടെയും പേര് എഴുതി വച്ച്.അന്ന് പൊട്ടിക്കരഞ്ഞു അവള്‍ ഹെഡ്മാസ്ടരോട് പരാതി പറഞ്ഞു.അന്ന് മാസ്റ്റര്‍ ഒരു ചൂരല്‍ മുറിയുവോളം തല്ലി.അന്ന് വേദനിച്ചത് ശരീരത്തിനല്ലായിരുന്നു..മനസ്സിനായിരുന്നു... ഒരു പാട്കരഞ്ഞു അന്ന് ഞാന്‍..അവളുടെ ദുഷ്ട്ട മനസ്സ് ഓര്‍ത്ത്.. പിന്നീട് ഒരിക്കല്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ അവള്‍ നനഞ്ഞു കുതിര്‍ന്നപ്പോള്‍ തന്റെ കുട അവള്‍ക്കു നല്‍കി താന്‍ മഴ നനഞ്ഞു പോയിട്ടുണ്ട്..ഒരാഴ്ച മുഴുവന്‍ പനിച്ചു കിടന്നപ്പോള്‍ പോലും അവള്‍ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല.അത്രയ്ക്ക് വെറുക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലായിരുന്നു.
പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്ന്..താന്‍ ഉപ്പയുടെ കൂടെ ചെന്നയിലെക്കും പോയി..പിന്നീട് അവളെ കാണുന്നത് പോലും വിരളമായി.ഒടുവില്‍ ഉപ്പയുടെ സുഹൃത്ത് അയച്ചു തന്ന വിസയില്‍ പാസ്സ്പോര്ട്ടില്‍ വയസ്സ് കൂട്ടി ഗള്‍ഫിലേക്ക് പോവാന്‍ താന്‍ തീരുമാനിച്ചു. പോവുന്നതിന്റെ തലേ ദിവസം അവള്‍ കോളേജ് വിട്ട് വരുന്നതും കാത്തു വീട്ടിലേക്കുള്ള ഇടവഴിയില്‍ താന്‍ കാത്തു നിന്ന്.രണ്ടു വശവും മുള്ള് വേലി കൊണ്ട് കെട്ടിയ ആ ടാര്‍ ചെയ്യാത്ത റോഡില്‍ അടുത്തുള്ള ശീമകൊന്നകളെയും നോക്കി താനിരുന്നു. അവള്‍ വന്നപ്പോള്‍ അവളെ തടഞ്ഞു നിര്‍ത്തി...അവളുടെ വെള്ളാരം കണ്ണുകളിലേക്കു നോക്കിയപ്പോള്‍ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... ഹസീന ഇങ്ങനെ എന്നെ ഒഴിവാക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്... എന്ത് കൊണ്ട് നീ എന്റെ സ്നേഹം മനസ്സിലാക്കുന്നില്ല..ഒന്നോ രണ്ടോ മാസമല്ല കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ നിന്റെ പിറകെ നടക്കുകയാണ്..കഴിഞ്ഞ കുറെ വര്‍ഷമായി നീ എന്നോട് ഒന്ന് മിണ്ടിയിട്ടു പോലുമില്ല എന്തിനു ..എന്റെ മുഖത്ത് പോലും നീ നോക്കിയിട്ടില്ല.. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ഹസീനാ.. അവന്റെ കണ്ണുകള്‍ നിറഞ്ഞു..സ്വരമിടരി... പണ്ട് നീ കുളത്തില്‍ മുങ്ങി പൊങ്ങിയപ്പോള്‍ ഈ കൈകള്‍ കൊണ്ടാണ് ഞാന്‍ നിന്നെ രക്ഷിച്ചത്... എനിയ്ക്ക് നിന്നെ മറക്കാന്‍ കഴിയില്ല ഹസീന...അത്രയ്ക്ക്..അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചു പോയി... എന്നാല്‍ അവന്റെ കണ്ണീരു കണ്ടിട്ടും അവള്‍ക്കു ഒരു ഭാവ ഭേദവും ഉണ്ടായില്ല.. ""എനിക്ക് പോണം """ അവന്റെ കൈ തട്ടി മാറ്റി അവള്‍ നടന്നു.. നീ പൊക്കോ..ഏതു നരകത്തില്‍ വേണേലും പൊക്കോ... ഒരു നാള്‍ നീ എന്റെ സ്നേഹം തിരിച്ചരിയും.. അന്ന് നീ എന്നെ ഓര്‍ത്തു കരയും.. എന്നെ ഓര്‍ത്തു സങ്കടപ്പെടും... മനസ്സ് നൊന്തു ഞാന്‍ പറയുകയാടീ..നീ എന്നെയോര്‍ത്ത് കരയും..ഒന്നും കൂടി കേട്ടോ... നിന്റെ കല്യാണം കഴിയാതെ ഇനി ഈ ഗഫൂര്‍ ഗള്‍ഫില്‍ നിന്നും വരികയില്ല.. ആരെയെങ്കിലും കെട്ടി സന്തോഷത്തോടെ കഴിഞ്ഞോ...
അന്ന് രാത്രി വീട്ടില്‍ ബന്ധുക്കള്‍ എല്ലാവരും എത്തിയിരുന്നു എന്നെ യാത്രയാക്കാന്‍.വെളുപ്പിന് ആയിരുന്നു ഫ്ലൈറ്റ്.. അന്ന് അയല്‍വാസിയും സുഹൃത്തുമായ മനാഫ് ഓടി വന്നു കയ്യില്‍ തന്നതാണ് ഈ കത്ത്.. ഉപ്പയും ഉമ്മയും അടുത്ത് ഉണ്ടായത് കൊണ്ടായിരിക്കണം അത് ഹസീന തന്നതാണെന്ന് അവന്‍ പറഞ്ഞില്ല.തിരക്കിനിടയില്‍ ഞാനും അത് എന്താണെന്ന് നോക്കാതെ പോക്കറ്റില്‍ തിരുകി...
ഇപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം അന്ന്ഞാന്‍ വായിക്കാത പോയ വളുടെ കത്ത്.. ഈശ്വരാ എന്തായിരിക്കും അവള്‍ ഇതിനകത്ത് എഴുതിയിരിക്കുക... വിറയ്ക്കുന്ന കൈകളോടെ അയാള്‍ ആ കത്ത് തുറന്നു... "" എനിക്കറിയാം ഗഫൂര്‍ക്കാക്ക് എന്നോട് ദേഷ്യമായിരിക്കും എന്ന്.. എന്താണ് ഞാന്‍ കുറെ വര്‍ഷങ്ങളായി ഇക്കയെ ഒഴിവാക്കുന്നത് എന്ന് ഓര്‍ത്തിട്ടുണ്ടോ... വായിക്കുന്തോറും അയാളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.ഇക്ക എന്നെ സ്നേഹിക്കുന്നതിന്റെ നൂറു മടങ്ങ് ഞാന്‍ ഇക്കയെ സ്നേഹിക്കുന്നുണ്ട്.എന്നോടുള്ള സ്നേഹം ഇക്കാക്ക് പ്രകടിപ്പിക്കാന്‍ എങ്കിലും കഴിഞ്ഞു...പക്ഷെ കഴിഞ്ഞ പത്തു വര്ഷം ഇക്കയോടുള്ള സ്നേഹം ഞാന്‍ മനസ്സില്‍ കുഴിച്ചു മൂടുകയായിരുന്നു.. ഒരാളോട് പോലും പറയാന്‍ കഴിയാതെ..പ്രകടിപ്പിക്കാന്‍ കഴിയാതെ ഞാന്‍ നീരുകയായിരുന്നു...ഇക്കയെ കാണുമ്പോള്‍ സ്വയം ഞാന്‍ മറക്കും എന്ന് വിചാരിച്ച്ട്ടാണ് പലപ്പോഴും ഞാന്‍ ഒഴിഞ്ഞു മാറിയത്..എനിക്ക് കൂടുതല്‍ പഠിക്കണം ..ഒരു ടീച്ചരാവണം... നമ്മുടെ സമുദായത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ കെട്ടിച്ചു വിടും... ഞാനും ഇക്കയെ സ്നേഹിച്ചിരുന്നെങ്കില്‍ നമ്മള്‍ പലയിടത് വച്ചും കാണുമായിരുന്നു..ഒന്നിക്കുമായിരുന്നു..അത് ആരെങ്കിലും കണ്ടു ഉപ്പയോട് പറയുകയും ചെയ്യും അതോടെ തീരും എല്ലാം.. ഉപ്പയുടെ സ്വഭാവം അറിയാമല്ലോ... ഉടനെ ഏതെങ്കിലും ഒരു കോന്തനെ കൊണ്ട് കെട്ടിക്കുകയും ചെയ്യും.. അതാ ഞാന്‍ ഇക്കയെ ഒഴിവാകിയത്..അല്ലാതെ ഇഷ്ട കേടു കൊണ്ടല്ല..ഇഷ്ടകൂടുതല്‍ കൊണ്ടാ.. അന്ന് ഹെഡ് മാസ്റ്റര്‍ അടിച്ച അന്ന് ഒരാഴ്ച ഞാന്‍ ഉറങ്ങിയിട്ടില്ല...ഞാന്‍ കരയുകയായിരുന്നു..രാത്രി മുഴുവന്‍... മഴ കൊണ്ട് പനിപിടിച്ചത് ഓര്‍മ്മയില്ലേ..പിറ്റേന്ന് പെയ്ത മഴ മുഴുവന്‍ തൊടിയിലിരുന്നു നനഞ്ഞു ഞാന്‍...ഇക്കാക്ക് വേണ്ടി.. ഇപ്പൊ ഇക്ക ചെയ്യുന്നതാണ് ശരി..ഇക്ക ഗള്‍ഫിലേക്ക് പൊയ്ക്കോളൂ.. ഒരു രണ്ടു വര്ഷം കഴിഞ്ഞു വാ.. എന്നിട്ട് അന്തസ്സായി എന്റെ ഉപ്പയോട് എന്നെ കെട്ടിച്ചു തരാന്‍ പറ... ഞാന്‍ കാത്തിരിക്കാം എന്റെ ഇക്കാക്ക് വേണ്ടി ..നിര കണ്ണുകളോടെ ....സ്നേഹ പൂര്‍വ്വം ഹസീന........ അയാളുടെ മിഴികള്‍ നിറഞ്ഞു..രണ്ടിറ്റു കണ്ണീര്‍ ആ പേപ്പറില്‍ വീണു....
ഈ പഴന്തുണികള്‍ക്കിടയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ കണാതെ പോയ അവളുടെ ഹൃദയം....അവളോടുള്ള ദേഷ്യം കൊണ്ടല്ലേ അവളുടെ കല്യാണം കഴിയും വരെ താന്‍ ഗള്‍ഫില്‍ തന്നെ നിന്നത്..ഒടുവില്‍ അവളുടെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ താന്‍ മടങ്ങി എത്തി...ദൈവമേ അപ്പോള്‍ ഞാന്‍ എന്ത് ചതിയാണ് അവളോട് ചെയ്തത്....ഈ കത്ത് വായിക്കാന്‍ ഞാന്‍ അഞ്ചു വര്ഷം വൈകി ഈശ്വരാ.....
ഉമ്മാ ഹസീനയെ ആരാ കല്യാണം കഴിച്ചത്... "" ആ മോനെ അവള്‍ ഇപ്പോള്‍ ഒരു കോളേജില്‍ ടീച്ചറാണ്.. അവളുടെ കൊല്ലെജിലെ വേറെ മാഷാ അവളെ കെട്ടിയത്.. പാവം അവള്‍ക്കു ആരോടോ മോഹബ്ബത്തു ഉണ്ടായിരുന്നു... അതാ ഇത്രയും കാലം അവള്‍ കാത്തിരുന്നത്..... അയാള്‍ അവളെ കൈഒഴിഞ്ഞു എന്ന് തോന്നുന്നു....ദുഷ്ട്ടന്‍ ആ പാവത്തിനെ ചതിച്ച അവനൊന്നും ഒരു കാലത്തും കൊണം പിടിക്കില്ല..പാവം നിന്റെ കത്ത് വരുമ്പോള്‍ അവള്‍ ഓടി വരും..അവളാ എനിക്ക് കത്തെല്ലാം വായിച്ചു തന്നിരുന്നത്.. പക്ഷെ നീ ഒറ്റ കത്തില്‍ പോലും അവളുടെ വിശേഷം ചോദിക്കാതിരുന്നത് മോശമായി പോയി മോനെ..അവള്‍ നിന്റെ കളിക്കൂട്ടുകാരിയല്ലേ....
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.... ഉമ്മാക്ക് അറിയുമോ..അവള്‍ ആരെയാണ് സ്നേഹിച്ചിരുന്നത് എന്ന് .. ഇല്ല മോനെ ഉമ്മ അയാളുടെ മുഖത്തേക്ക് നോക്കി... അയാള്‍ പതിയെ തല താഴ്ത്തി..കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി...ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടു കൂടി....അയാള്‍ ഉമ്മയുടെ നേരെ നോക്കി കൈ കൂപ്പി ....ഞാനായിരുന്നു ഉമ്മാ ആ ദുഷ്ട്ടന്‍..... അയാളുടെ സങ്കടം കണ്ടിട്ടാവണം മഴമേഖങ്ങള്‍ പെയ്യാന്‍ തുടങ്ങി.. ചുട്ടു പഴുത്ത മനസ്സിന് അല്‍പ്പമെങ്കിലും ആശ്വാസം പകരാന്‍ അയാള്‍ മഴയിലേക്കിറങ്ങി.....
No comments:
Post a Comment