1. .അന്നൊരു അമാവാസി ദിനമായിരുന്നു.ചന്ദ്രനും തോഴിമാരും വെളിച്ചം തൂവാത്ത രാത്രി..കണ്ണില്‍ കുത്തിയാല്‍ കാണാത്ത കൂറ്റാ കൂറ്റിരുട്ടില്‍ പ്രാണ ഭയത്തോടെ ഒരാള്‍ ഓടുകയാണ്..ഇടയ്ക്കു എവിടെയൊക്കെയോ തട്ടി മറിഞ്ഞു വീഴുന്നു..വീണ്ടും ഓടുന്നു... അയാള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു... തൊട്ടു പിറകില്‍ ഊരി പിടിച്ച വടിവാളുമായി അയാളെ ലക്ഷ്യമിട്ട് ഒരുത്തന്‍ വരുന്നു.. വേട്ട മൃഗം ഇരയെ ഓടിക്കുന്നത് പോലെ...

    വേട്ടക്കാരനും ഇരയും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.. വിജനമായ ആ റോഡരികില്‍ കൂട്ടിയിട്ട കരിങ്കല്‍ കൂനയില്‍ തട്ടി അയാള്‍ താഴെ വീണു.. പിടഞ്ഞെണീക്കും മുമ്പ് വേട്ടക്കാരന്‍ അയാളുടെ തൊട്ടടുത്തെത്തി.വീണു കിടക്കുന്ന ആളുടെ മുഖം വിവര്ന്നമായി.ഭയം കൊണ്ട് അയാള്‍ വിളറി വെളുത്തു..ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവസാന നിമിഷങ്ങള്‍...

    വീണു കിടക്കുന്നവന്റെ നെഞ്ചത്തേക്ക് ഒരു കാല്‍ ഉയര്‍ത്തി വച്ച് വേട്ടക്കാരന്‍ ഒരു ബീടിയെടുത്തു ചുണ്ടില്‍ വച്ച്.. തീപ്പെട്ടി ഉരച്ചു ബീഡി കത്തിക്കും മുമ്പ് അയാളുടെ മുഖത്തേക്ക് ഒരു തവണ കൂടി നോക്കി ആള് മാറിയിട്ടില്ല എന്ന് ഉറപ്പു വരുത്തി.. "" എന്നെ എന്തിനാണ് സുഹൃത്തേ കൊല്ലുന്നത്‌"" "" കൊല്ലുന്നതെന്തിനാനെന്നു എനിക്കറിയില്ല.. മരിക്കുന്നതെന്തിനാണെന്ന് നിനക്കും..മുകളിലുള്ളവര്‍ വിധിയെഴുതി..അത് നടപ്പാക്കുന്ന വെറും ആരാച്ചാര്‍ മാത്രം ഞാന്‍....

    എന്നെ കൊല്ലരുത്... എനിക്ക് ജീവിക്കണം.. അയാള്‍ വേട്ടക്കാരനു നേരെ കൈ കൂപ്പി യാചിച്ചു,,,,, """എനിക്ക് താങ്കളെ കൊന്നെ പറ്റൂ..കാരണം എനിക്കും ജീവിക്കണം"" ഞാന്‍ താങ്കളെ കൊന്നില്ലെങ്കില്‍ മറ്റൊരാള്‍ അത്ചെയ്യും ..എന്തായാലും മരണം സുനിശ്ചിതം..

    താങ്കള്‍ക്കു എന്ത് വേണമെങ്കിലും തരാം പകരം എന്നെ വെറുതെ വിടണം..എനിക്ക് ഭാര്യയും മൂന്നു പെണ്‍കുട്ടികളുമാ ..ഞാന്‍ മരിച്ചാല്‍ അവര്‍ക്ക് വേറെയാരുമില്ല..പ്ലീസ് എന്നെ കൊല്ലരുത്...എന്റെ മക്കളെയോര്‍ത്ത് ,......എന്നെ കൊല്ലരുത്.. ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം.. അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ കാല്‍ക്കല്‍ വീണു..പക്ഷെ വേട്ടക്കാരന്റെ മനസ്സലിയിക്കാനുള്ള ശക്തി അയാളുടെ കണ്ണുനീരിനു ഉണ്ടായിരുന്നില്ല...

    അയാള്‍ മൊബൈല്‍ എടുത്തു ആര്‍ക്കോ ഡയല്‍ ചെയ്തു... """ തീര്‍ത്തു"" എന്ന് മാത്രം പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു.. അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ ഒന്ന് ഉയര്‍ന്നു താഴ്ന്നു.. ചിതറിത്തെറിച്ച ചോരതുള്ളികലോടൊപ്പം ഒരു നിലവിളിയും വാനിലലിഞ്ഞു ഇല്ലാതായി...

    തലേന്ന് രാത്രി ഒരു കൊലപാതകം നടത്തിയതിന്റെ യാതൊരു ലക്ഷണവും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മോള്‍ക്ക്‌ ഒരു ചെറിയ സൈക്കിളും വാങ്ങിയാണ് അയാള്‍ വീട്ടിലേക്കു കയറിയത്.. സൈക്കിള്‍ പിന്നില്‍ മറച്ചു വച്ച് സ്നേഹത്തോടെ അയാള്‍ തന്റെ മോളെ വിളിച്ചു.. ആ ആറുവയസ്സുകാരി അച്ഛന്റെ വിളി കേട്ട് വാതില്‍ക്കല്‍ വന്നു നിന്ന്... "" മോളെ ഇങ്ങു വന്നേ അപ്പന്‍ മോള്‍ക്ക്‌ എന്താ കൊണ്ട് വന്നതെന്ന് നോക്കിക്കേ...എന്നാല്‍ അയാള്‍ വിളിച്ചിട്ടും മകള്‍ അയാളുടെ അടുത്തേക്ക് വന്നില്ല...

    അയാള്‍ ആ കുഞ്ഞിന്റെ തലയില്‍ തടവി കൊണ്ട് ചോദിച്ചു.."ന്‍റെ മോള്‍ക്ക്‌ എന്ത് പറ്റി"" ""ന്നോട് മിണ്ടണ്ട..നിക്ക് അപ്പനെ പേട്യാ..ന്റെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ട്യോള്‍ മുഴോനും പറഞ്ഞു അപ്പന്‍ ആളെ കൊല്ലല്ലാ പണീന്ന്... ആരും ന്‍റെ കൂടെ കളിക്കാന്‍ വരില്ല്യ...ന്തിനാ അപ്പാ അപ്പന്‍ ആളെ കൊല്ലുന്നേ... പത്തു പേര് ഒരുമിച്ചു വന്നാലും ചങ്കൂറ്റത്തോടെ നേരിടുന്ന അയാള്‍ ആപിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ പതറി.... "" അത് മോളെ ഞാന്‍..... അയാള്‍ക്ക്‌ എന്തു പറയണം എന്നറിയില്ലായിരുന്നു... ""അപ്പന്‍ എല്ലാരേം കൊന്ന് ഒടുക്കം എന്നേം അമ്മനേം കൊല്ലുവോ... അയാളുടെ മിഴികള്‍ നിറഞ്ഞു.. ഇല്ല മോളെ മോള് അപ്പന്‍റെ ജീവനല്ലേ... അയാള്‍ കുഞ്ഞിനെ കെട്ടിപ്പിടിച്ചു... ന്നെ തൊടണ്ട.. നിക്ക് പേടിയാ..അപ്പന്‍ എന്നേം കൊല്ലും....അപ്പന്‍ എന്നേം കൊല്ലും.... അമ്മച്ചീ .എന്നും വിളിച്ചു ആ കുഞ്ഞു അകത്തേക്ക് ഓടിപ്പോയി.. ഒരു നിമിഷം അയാള്‍ തരിച്ചു നിന്ന്....

    അതേയ് ആ ഷര്‍ട്ട് മാറ്റിയേക്കു..അതില്‍ ചോരക്കരയുണ്ട്..കുഞ്ഞു അത് കണ്ടു പേടിച്ചതാ... ഇന്നലെ രാത്രി ഞാന്‍ ഒരു പോള ഉറങ്ങിയിട്ടില്ല... അപ്പനെ പേടിയാ എന്നും പറഞ്ഞു അവള്‍ ഉറങ്ങാതെ കിടക്കുവായിരുന്നു... ഞാന്‍ എന്ത് പറഞ്ഞാ അവളെ സമാധാനിപ്പിക്കേണ്ടത്.. ജീവനെടുത്തു മാത്രം പരിചയമുള്ള നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ജീവന് ജന്മം കൊടുത്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ??? ഭാര്യയുടെ മുന വച്ചുള്ള ചോദ്യത്തിന് മുന്നില്‍ വീണ്ടും അയാള്‍ക്ക്‌ ഉത്തരം മുട്ടി...

    അയാളുടെ മനസ്സ് ആകെ പ്രക്ശുബ്ധമായിരുന്നു..ബൈക്കോടിച്ചു പോവുമ്പോള്‍ തലേന്ന് തന്റെ കൈ കൊണ്ട് തീര്‍ത്ത മനുഷ്യന്റെ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളി അയാളെ അവിടെ പിടിച്ചു നിര്‍ത്തി.. പുറത്തേക്കു വലിച്ചു കെട്ടിയ ട്ടാര്‍പ്പായക്കടിയിലെ കട്ടിലില്‍ കിടത്തിയിരിക്കുകയാണ് മരിച്ച ആളുടെ മൃതദേഹം.. അയാളുടെ ഭാര്യ നെഞ്ഞതടിച്ചു നിലവിളിക്കുകയാണ്... """ഞങ്ങള്‍ക്കിനി ആരുണ്ട്‌ ചേട്ടാ... ഞങ്ങളെ വിട്ടേച്ചു പോയല്ലോ..ഈ മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ എന്ത് ചെയ്യും ഈശ്വരാ... അയാള്‍ ബൈക്ക് നിര്‍ത്തി പതിയെ ആ വീട്ടിലേക്കു നടന്നടുത്തു.. പൊട്ടിക്കരയുന്ന അയാളുടെ ഭാര്യയുടെ കൂടെ പറക്കമുറ്റാത്ത മൂന്നു പെണ്‍കുട്ടികള്‍... താടി കെട്ടി നിശ്ചലമായി കിടക്കുന്ന അയാളുടെ മൃതദേഹത്തില്‍ കൈ വച്ച് കുലുക്കി വിളിക്കുകയാണ്‌ അയാളുടെ കുഞ്ഞ്.. അപ്പാ കണ്ണ് തുറക്ക് അപ്പാ... ദേ അമ്മ കരയുന്നത് കണ്ടില്ലേ അപ്പാ... ഇങ്ങനെ മിണ്ടാണ്ടിരുന്നാല്‍ ഞാന്‍ പിണങ്ങും അപ്പനോട്.. ന്‍റെ പോന്നു അപ്പച്ചനല്ലേ എന്നെ മോളെ എന്നൊന്ന് വിളിക്ക് അപ്പച്ചാ... അച്ഛന്‍ മരിച്ചതരിയാതെ അച്ഛനോട് പരാതി പറയുന്ന ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത അവിടെ കൂടി നില്‍ക്കുന്നവരുടെ മിഴികളെ ഈരനനിയിപ്പിച്ചു... അമ്മെ എന്താ അപ്പച്ചന്‍ മിണ്ടാതെ എന്നോട് പിണക്കാ... ആ പാവം സ്ത്രീ ആ കുഞ്ഞിനെ കെട്ടിപ്പിടിച്ചു വലിയ വായില്‍ നിലവിളിച്ചു.. ഇനി ന്‍റെ കുട്ടീനെ മോളെന്നു വിളിക്കാന്‍ അപ്പച്ചന് കഴിയില്ല .. അപ്പച്ചന്‍ നമ്മളെ വിട്ട് പോയി മക്കളെ.....

    എല്ലാം കണ്ടും കേട്ടും അയാള്‍ മൂകനായി നില്‍ക്കുകയാണ്.. ഈ കൊലപാതകം കൊണ്ട് താന്‍ എന്ത് നേടി..രക്തത്തില്‍ കുതിര്‍ന്ന കുറച്ചു നോട്ടു കെട്ടുകളും ,ഈ കുടുംബത്തിന്റെ ശാപവും അല്ലാതെ??? താന്‍ മൂലം നഷ്ട്ടപ്പെട്ടത്‌ ഒരു ജീവന്‍ മാത്രമല്ല ..ഒരു കുടുംബത്തിന്റെ ജീവിതം കൂടിയാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.. ഒരു നാള്‍ ആരുടെയെങ്കിലും പിച്ചാത്തി പിടിയില്‍ ഇത് പോലെ ഞാനും തീരും..അന്ന് എന്റെ ഭാര്യയും മോളും ഇത് പോലെ കരയില്ലേ..പിന്നെ അവര്‍ക്ക് ആരുണ്ടാവും...ഒരു ഗുണ്ടയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ആരെങ്കിലും വരുമോ??? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ അയാള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നു പോയി.. കൂടുതല്‍ നേരം അവിടെ നില്‍ക്കാനുള്ള ത്രാണി അയാള്‍ക്കില്ലായിരുന്നു.. പിന്തിര്ഞ്ഞു നടക്കുമ്പോള്‍ ആരോ തന്റെ ജൂബ്ബയില്‍ പിടിച്ചു വലിക്കുന്നത് പോലെ തോന്നി.. തരിഞ്ഞു നോക്കിയപ്പോള്‍ മരിച്ചയാളുടെ ഇളയ കുട്ടിയാണ്.. തന്റെ അരയില്‍ തിരുകിയ ബൈക്കിന്റെ ചാവിയില്‍ തൂക്കിയിട്ട പ്ലാസ്റ്റിക്പൂ വിനു വേണ്ടി അവള്‍ കൈ നീട്ടുകയാണ്..അയാള്‍ അവളുടെ തലയില്‍ പതിയെ തടവി..തന്റെ മകളെക്കാലും പ്രായം കുറഞ്ഞവള്‍...അയാളുടെ മിഴികള്‍ നനഞ്ഞു.. ആ കുഞ്ഞിനെ അയാള്‍ തന്റെ മാറോട് ചേര്‍ത്തു.. അയാളുടെ മനസ്സിലേക്ക് മകളുടെ വാക്കുകള്‍ ചാട്ടുളി പോലെ കുത്തിയിറങ്ങി..നിക്ക് അപ്പനെ പേടിയാ.. ന്തിനാ അപ്പാ അപ്പന്‍ ആളെ കൊല്ലുന്നേ... അയാള്‍ പതിയെ എണീറ്റു.. തിരിച്ചു നടക്കുന്നതിനിടയില്‍ തന്റെ അറയില്‍ നിന്നും കഠാര എടുത്തു..വര്‍ഷങ്ങളായി തന്റെ അരയില്‍ താന്‍ ഭദ്രമായി സൂക്ഷിച്ച സ്വത്തു.. എത്രയോ പേര്‍ ഈ കഠാര മുനയില്‍ പിടഞ്ഞു തീര്‍ന്നിരിക്കുന്നു.. ചോര കണ്ടു അരപ്പ് മാറിയ അയാള്‍ക്ക്‌ ആദ്യമായി ആ കത്തിയോടു വെറുപ്പ്‌ തോന്നി.. പിന്നെ അത് ദൂരേക്ക്‌ നീട്ടി എറിഞ്ഞു..... അയാള്‍ പുതിയ ഒരു മനുഷ്യനായി മാറുകയായിരുന്നു...

    മതത്തിന്റെ പേരിലായാലും,രാഷ്ട്രീയ പകപോക്കലായാലും,വ്യക്തി വൈരാഗ്യം തീര്ക്കാനായാലും കൊലപാതകം കൊലപാതകം തന്നെയാണ്.. ഒരു കൊലപാതകം കൊണ്ട് ഒരു ജീവന്‍ മാത്രമല്ല അയാളെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം കൂടി തകരുകയാണ്.. കൊല്ലാന്‍ പോവുന്നവനു കൊല്ലപ്പെടാന്‍ പോവുന്നവന്റെ വേദന മനസ്സിലാവില്ല.. ജീവന്‍ എടുക്കുമ്പോഴല്ല ജീവന്‍ രക്ഷിക്കുമ്പോഴാനു മനുഷ്യന്‍ മനുഷ്യനാവുന്നത്.. മനുഷ്യര്‍ക്ക്‌ ബുദ്ധി ഉദിക്കട്ടെ...കൊലപാതകങ്ങള്‍ ഇല്ലാതെയാവട്ടെ,,, നമ്മുടെ നാട്ടിലും നന്മ പുലരട്ടെ.... ജയ്ഹിന്ദ്.