1. കട കട ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന AC ക്ക് എതിരെ ഉള്ള മൂന്നു തട്ടുള്ള കട്ടിലില്‍ മൂട്ട കടി കൊണ്ട് ഉറക്കം വരാതെ അയാള്‍തിരിഞ്ഞും മറിഞ്ഞും കിടന്നു...ചുട്ടു പോള്ളുന്നോരീ പാഴ് മരുഭൂവില്‍ ജീവിതം ബലി അര്‍പ്പിച്ചിട്ടു മൂന്നു വര്ഷം തികയുന്നു..ഭാര്യയും മാതാപിതാക്കളും,മക്കളുമില്ലാതെ ....മൌനം തളം കെട്ടിയ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ നീണ്ട മൂന്നു വര്ഷം.

    മന്ധിക്കടയിലേക്ക്‌ ഒരു വിസ ഉണ്ടെന്നും, പണമൊന്നും വേണ്ട എന്നും പറഞ്ഞു സുഹൃത്ത്‌ തന്നെ സമീപിച്ചപ്പോള്‍ ജോലിയുടെ മഹത്വമൊന്നും നോക്കാതെ സമ്മതിച്ചത് വീട്ടിലെ കഷ്ട്ടപ്പാട് ഓര്‍ത്തിട്ടു മാത്രമായിരുന്നു..മന്ദിക്കട എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ഇവിടെ വന്നപ്പോഴാണ് ശരിക്കും മന്തി എന്താണ് എന്ന് മനസ്സിലായത്‌..ദിവസവും 1000നു മുകളില്‍ കോഴിയും,150നു മുകളില്‍ ആടും വില്‍ക്കുന്ന ഒരു തിരക്കുള്ള അറേബ്യന്‍ ഹോട്ടെല്‍. കാലത്ത് ആറു മണിക്ക് തുടങ്ങുന്ന പണി തീരുന്നത് രാത്രി 12 മണിയോട് കൂടി. ഇടയില്‍ കിട്ടുന്ന രണ്ടു മണിക്കൂര്‍ റസ്റ്റ്‌ ടൈം,അലക്കാനും,കുളിക്കാനും,വീട്ടിലേക്കു ഫോണ്‍ ചെയ്യാനും തികയില്ല...ഒരു ദിവസം പോലും ലീവ് ഇല്ലാതെ അടിമകളെ പോലെ.....കാലത്ത് ആറു മണിക്ക് പണിക്കിറങ്ങണമെങ്കില്‍ അഞ്ചു മണിക്കേ ബാത്ത്രൂമിന് മുന്നില്‍ വരി നില്‍ക്കണം.. അറുപതോളം പണിക്കാര്‍ക്ക് ആകെ ഉള്ളത് അഞ്ചു ബാത്രൂം മാത്രം... ഇറങ്ങുന്നിടത്തും,പണിയെടുക്കുന്നിടത്തും അടക്കം സകല സ്ഥലത്തും സ്ഥാപിച്ച cc ക്യാമറകള്‍...കറുത്ത ഹൃദയം മറക്കാന്‍ വെളുത്ത തോപ്പിട്ട് ഓഫീസിലിരുന്നു ക്യാമറകള്‍ വാച്ച് ചെയ്യുന്ന യെമനി മുദീര്‍... ഒരു അഞ്ചു മിനിറ്റ് വൈകിയാല്‍ 50 റിയാലോളം ഫൈന്‍ എഴുതും..ഒരു ദിവസത്തെ പണിക്കൂലി!!! കോഴി വെന്തില്ലെങ്കിലും,മസാല തേച്ചത് ശരിയായില്ലെങ്കിലും അതെ അവസ്ഥ... ഫൈന്‍...ആദ്യമായി മന്ദി കുഴി കണ്ടപ്പോള്‍ അവനു ശരിക്കും തല കറങ്ങിപ്പോയിട്ടുന്ദ്...നാട്ടിലെ റിംഗ്കിണര്‍ പോലെ വട്ടത്തില്‍ ഇഷ്ട്ടിക കൊണ്ട് പടുത്ത രണ്ടാള്‍ക്ക്‌ ഉയരമുള്ള 12 കുഴികള്‍... ഈ 12 കുഴിയിലും വിറകിട്ടു ആളി കത്തിച്ചു അതിനു നടുവില്‍ നിന്ന് ആദ്യമായി പണിയെടുത്തപ്പോള്‍ ഭൂമിയിലെ നരകം ഇത് തന്നെയാനെന്നവന്‍ വിശ്വസിച്ചു പോയി...പുറത്തെ ചൂടും അകത്തെ ചൂടും.... കുഴിയിലിറക്കിയ മന്ദിക്കോഴികളെ പോലെ അവന്‍ ഉരുകിയൊലി
    ക്കുകയായിരുന്നു... ഒരു ദിവസം അവന്‍ വിയര്‍ക്കുന്ന വിയര്‍പ്പു കൊണ്ട് അവന്റെ വീട്ടുകാര്‍ക്ക് ഭംഗിയായി അലക്കി കുളിക്കാമായിരുന്നു എന്ന് അവന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്... ആളി കത്തി കനലായി മാറിയ കുഴിയിലേക്ക് മസാല തേച്ച ആടും,കോഴിയും കുനിഞ്ഞു നിന്ന് ഇറക്കുമ്പോള്‍ പലപ്പോഴും അവന്റെ പുരികം പോലും കരിഞ്ഞു പോയിട്ടുണ്ട്..... കനലില്‍ എരിയുന്ന മന്ദിക്കോഴികളെ പോലെ എരിഞ്ഞു തീരുകയായിരുന്നു അവന്‍റെ ജീവിതവും...

    ചെറിയ തെറ്റുകള്‍ക്ക് പോലും അസഭ്യം പറയുന്ന യെമനിയായ മുദീര്‍.... ഹയവാന്‍,കല്‍ബ്,ഹിമാര്‍ തുടങ്ങിയ വാക്കുകളൊക്കെ ചിര
    പരിചിതമായി.. പക്ഷെ പലപ്പോഴും വീട്ടില്‍ കിടക്കുന്ന ഉമ്മയെയും,ഉപ്പയെയും,ചേര്‍ത് അസഭ്യം പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോവാറുണ്ട്...പക്ഷെ ഉരുകി ഒലിക്കുന്ന ആ ചൂടത് അവന്റെ കണ്ണീര്‍ ആര് കാണാന്‍..???

    ജോലിക്കൂടുതലും,ഉറക്ക് കുറവും കാരണം അവന്‍ നന്നേ ശോഷിച്ചു... കണ്ണുകള്‍ക്ക്‌ പകരം രണ്ടു കുഴികള്‍ മാത്രമായി അവന്റെ മുഖത്ത്....ഭക്ഷണ രീതി മാറിയതോടെ രോഗങ്ങളും ശരീരത്തില്‍ ചേക്കേറി തുടങ്ങി... പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ സന്തികളും വേദനിക്കുന്ന യുരിക് ആസിഡ് എന്ന വില്ലനും...

    ഒരു വിധം പണിയെല്ലാം തീര്‍ത്തു റൂമില്‍ എത്തിയാല്‍ മനം ചത്ത്‌ പോവും... വൃത്തിയില്ലാത്ത യെമനികളും,ബംഗാളികളും. സിഗേരട്ടു വലിയും,ഹാന്‍സ് വെക്കലും തുപ്പലും എല്ലാം അതിനകത്ത് തന്നെ...കൂട്ടത്തില്‍ മൂട്ടയും.... എല്ലാം അവന്‍ സഹിച്ചു തന്റെ കുടുംബത്തിനു വേണ്ടി.....

    ഒരു ദിവസം അവന്റെ കൂട്ടുകാരന്‍ ഫോണ്‍ ചെയ്തു... ഇതേ വിസക്ക് ഇ ഹോട്ടലിലേക്ക് ജോലിക് വരുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ വിലക്കി.. ഇവിടത്തെ അവസ്ഥയെ കുറിച്ച് അവനോടു ശരിക്ക് പറഞ്ഞു മനസ്സിലാക്കി...പക്ഷെ കൂട്ടുകാരന്റെ മറുപടി അവനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു...'' ഞാന്‍ നന്നാവുന്നതില്‍ തനിക്കു അസൂയ ആണല്ലേ.... ഇത്രയ്ക്കു കഷ്ട്ടപ്പാദ് ആണെങ്കില്‍ താന്‍ എങ്ങനെ മൂന്ന് വര്ഷം അവിടെ പിടിച്ചു നിന്ന്... നീ മാസാ മാസം പണം അയക്കുന്നുണ്ടല്ലോ... ഞാന്‍ നന്നാവുന്നത് തനിക്കു ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി....'' ദൈവമേ കബരിലെ അവസ്ഥയും ,ഗള്‍ഫിലെ അവസ്ഥയും അനുഭവിക്കാതവരോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും??? അവസാനം ഇവിടെ എത്തിയപ്പോള്‍ ആ സുഹൃത്തിനും മനസ്സിലായി അയാള്‍ പറഞ്ഞതിന്റെ പൊരുള്‍...
    ഇന്നും കണ്ണീരുമായി അവന്റെ തൊട്ടു ബെഡ്ഡില്‍ ആ സുഹൃത്തുണ്ട്.....

    ചിന്തകളെ മേയാന്‍ വിട്ട് അയാള്‍ കിടന്നു...ഉറങ്ങി കൊതി തീരും മുമ്പേ അലറി വിളിക്കുന്ന അലാറത്തിന്റെ ബെല്ലും കാത്ത്.....

    കുഷ്യനിട്ട ജലസാത്തില്‍ മന്ധിയും തിന്നു ഏമ്പക്കവും വിട്ട് ഇരിക്കുന്നവര്‍ക്കറിയാമോ ഇതുണ്ടാക്കുന്നവന്റെ വേദന.. ഒരു പക്ഷെ മന്ധിക്ക് ഇത്ര രുചി കൂടിയത് ഇത് ഉണ്ടാക്കുന്നവന്റെ കണ്ണുനീര്‍ കൂടി ചേര്‍ന്നിട്ടാവും...

    NB:എന്റെ ഒരു എഫ് ബി സുഹൃത്ത്‌ പറഞ്ഞ അയാളുടെ യഥാര്‍ത്ഥ കഥയാണിത്...ഇന്ന് സ്കയ്പ്പില്‍ വിളിച്ചു അയാളുടെ ദയനീയാവസ്ഥ വിവരിച്ചു പറഞ്ഞ് ഇതൊന്നു എഴുതണം എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല.... ഒപ്പം ഒരു ഉപദേശവും... മന്ദി കടയിലേക്ക് വിസയുന്ദ്... ഫ്രീ ആണ്.. റൂമും ചെലവും ഉണ്ട്.. എന്നാ മോഹന വാഗ്ദാനങ്ങള്‍ കേട്ട് അടുത്ത എയര്‍ ഇന്ത്യ ഫ്ലൈറ്റിനു കൈ കാണിച്ച് ചാടി കയറുന്നതിനു മുമ്പ് അവിടത്തെ അവസ്ഥയെ കുറിച്ച് ഒന്ന് അന്വേഷിക്കുക... സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട......